പൊലീസ് നടപടിയില്‍ പ്രതിഷേധം; ജാമിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് യുപി ഭവന്‍ ഉപരോധിക്കും

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായ ഉത്തര്‍പ്രദേശിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഡല്‍ഹി ചാണക്യ പുരിയിലെ യുപി ഭവന്‍ ഉപരോധിക്കും.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഉപരോധത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍ എന്നാല്‍ സമരത്തിന് ഇതുവരെ പൊലീസ് അനുമതി നല്‍കിയിട്ടില്ല.

നേരത്തെ പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്.

അതേസമയം വിദ്യാര്‍ത്ഥികളെ പൊലീസ് കായികമായി ആക്രമിച്ചെന്നും ക്യാമ്പസില്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും കാണിച്ച് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയുടെ അന്വേഷണമോ വേണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

Top