വമ്പന്‍ അനൗണ്‍സ്മെന്റുമായി ലൂസിഫര്‍ ടീം നാളെ ; ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു

താര ചക്രവര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ലൂസിഫര്‍ സമാനതകളില്ലാത്ത വിജയമാണ് ബോക്സോഫീസില്‍ നേടിയത്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന ചിത്രത്തിന്റെ റിലീസ് സമയം തൊട്ടു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വീണ്ടും സസ്പെന്‍സ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി.

ഹാഷ്ടാഗില്‍ എല്‍ എന്ന് എഴുതിയിട്ടുള്ളതാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. നാളെ വൈകുന്നേരം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് ആറ് മണിക്കാകും പ്രഖ്യാപനമെന്നാണ് സൂചന. ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും മുരളി ഗോപി നല്‍കിയിട്ടില്ല.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. ബോളിവുഡ് താരം വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാര്‍, ബാല, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Top