ലൂസിഫറിന്റെ തമിഴ് പതിപ്പ് മെയ് 3ന് തീയറ്ററുകളില്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ലൂസിഫറിന്റെ തമിഴ് പതിപ്പ് മെയ് 3ന് തീയറ്ററുകളില്‍ എത്തും. പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൂസിഫറിന്റെ തമിഴ് ഡബ് വേര്‍ഷന്‍ റിലീസ് ചെയ്യുന്ന വിവരം പുറത്തുവിട്ടത്.

മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ചിത്രം എല്ലാ കളക്ഷന് റെക്കോഡുകളും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Top