‘ചെറിയ പുളളി അല്ലവൻ പഠിച്ച കള്ളനാ’ ;’ലൂസിഫര്‍’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്

കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിന്റെ ലൂസിഫര്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത്. മാര്‍ച്ച് 28ന് വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.

സിനിമയുടെ സെന്‍സറിംഗെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. വമ്പന്‍ റിലീസായിട്ടു തന്നെയാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍, ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന കഥാപാത്രമായാണ് സൂപ്പര്‍താരം എത്തുന്നത്. ലൂസിഫറിലെ ലാലേട്ടന്റെ ലുക്കും ഗെറ്റപ്പുമെല്ലം തന്നെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ലൂസിഫര്‍’.ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും.

Top