മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച് 200 കോടി കടന്ന് ലൂസിഫര്‍

ലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച് ലൂസിഫര്‍ 150 കോടിയില്‍ നിന്ന് 200 കോടിയിലേയ്ക്ക്. 200 കോടി ക്ലബില്‍ കയറുന്ന ആദ്യ മലയാള സിനിമയാണ് ലൂസിഫര്‍. മലയാള സിനിമ 100 കോടി ക്ലബില്‍ കയറുന്നത് അപൂര്‍വ്വമാണെങ്കിലും മോഹന്‍ലാല്‍ തന്നെ നായകനായ പുലിമുരുകന്‍ 150 കോടി പിന്നിട്ടിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്താണ് പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 200 കോടിയില്‍ എത്തി നില്‍ക്കുന്നത്.

മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടമാണിത്. വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബില്‍ കയറിയത്.വെറും ഇരുപത്തിയൊന്ന് ദിവസം കൊണ്ടാണ് ലൂസിഫര്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. ചിത്രം റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്.ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Top