ഇത് അതുല്യനേട്ടം… ലൂസിഫറിന്റെ നൂറുകോടി നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മോഹന്‍ലാല്‍.ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പവൂര്‍ നിര്‍മ്മിച്ച ചിത്രം പ്രദര്‍ശനത്തിനെത്തി എട്ടാം നാളാണ് നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് ഔദ്ദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്തുവിട്ടതിന് ശേഷമാണ് മോഹന്‍ലാല്‍ ഈ അതുല്യ നേട്ടത്തിന്റെ സന്തോഷം ആരാധകരോട് പങ്കുവെച്ചത്.

‘സുഹൃത്തുക്കളെ, ഒരു അതുല്യ നേട്ടം നിങ്ങളുമായി പങ്കുവെക്കുകയാണ്. അതെ, വെറും എട്ട് ദിവസങ്ങള്‍ കൊണ്ട് ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ വിജയം അങ്ങേയറ്റം വിനയാന്വിതനാക്കുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയ്ക്ക് നന്ദി. കാരണം അത് കൂടാതെ സാധ്യമായിരുന്നില്ല ഈ വിജയം. നിങ്ങള്‍ മലയാളസിനിമയുടെ മുഖം മാറ്റുകയാണ്. അതിനെ പുതിയ ദിക്കുകളിലേക്ക് എത്തിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, പിന്നെ മുഴുവന്‍ ലൂസിഫര്‍ ടീമിനും നന്ദി’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യുഎസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പ്രദര്‍ശനത്തിന് എത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നത്.

Top