ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി

കേരള തീരത്തു നിന്ന് ഒഴിഞ്ഞുപോയ ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നു. അടുത്ത 24 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് ഒമാന്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട്.ഒമാന്‍ കൂടാതെ യമനും ചുഴലിക്കാറ്റ് ഭീഷണിയിലാണ്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുകയാണുണ്ടായത് മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗം. അടുത്ത 24 മണിക്കൂറിനകം 115 കിലോമീറ്റര്‍ വേഗം കൈവരിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമാനിലെ സലാലക്ക് 900 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. 12ാം തീയതി വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനില്‍ക്കും.

കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം നിലനിര്‍ത്തിയിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലിലും മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതും അടുത്ത 36 മണിക്കൂറിനുള്ള ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. ആന്ധ്രയുടെ വടക്കന്‍ മേഖലയും ഒഡിഷയെയുമാണ് ഇത് ബാധിക്കുക.

Top