ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജലിനെ ക്ഷണിക്കാതെ സ്പീക്കര്‍ രാം നിവാസ് ഗോയലിന്റെ ഇഫ്താര്‍ വിരുന്ന്

ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജലിനെ ക്ഷണിക്കാതെ നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയലിന്റെ ഇഫ്താര്‍ വിരുന്ന്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ രാജേന്ദ്ര പാല്‍ ഗൗതം, ഇമ്രാന്‍ ഹുസൈന്‍, എംഎല്‍എമാര്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത വിരുന്നിലേക്കാണ് ലഫ്. ഗവര്‍ണറെ ക്ഷണിക്കാതിരുന്നത്.

ഡല്‍ഹി നിയമസഭയുടെ സമീപത്തു നടന്ന പരിപാടിയില്‍ ബിജെപി എംഎല്‍എമാരും പങ്കെടുത്തില്ല. കഴിഞ്ഞ വര്‍ഷം ഗവര്‍ണറെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ അദ്ദേഹത്തെ ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചതെന്നും ഗോയല്‍ വ്യക്തമാക്കി. പങ്കെടുക്കാതിരിക്കാനുള്ള കാരണം എന്താണെന്ന് ലഫ്. ഗവര്‍ണര്‍ അറിയിച്ചിരുന്നില്ലെന്നും സ്പീക്കര്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

മാര്‍ച്ചില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ലഫ്. ഗവര്‍ണറും സ്പീക്കറും തമ്മില്‍ ഇടയുന്നതെന്നും, എംഎല്‍എമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചാല്‍ അതു നല്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും ഗോയല്‍ ആരോപിച്ചു. ഇതു നിയമസഭയ്ക്കു മാത്രമല്ല, മൊത്തം ജനാധിപത്യ സംവിധാനത്തിനു തന്നെ അപമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Top