ലഫ്. ജനറൽ അസീം മുനീർ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി സ്ഥാനമേറ്റു

ഇസ്‍ലാമാബാദ്: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ. ആറുവർഷത്തെ സേവനത്തിനു ശേഷം ഖമർ ജാവേദ് ബജ്‍വ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ സൈനിക മേധാവി സ്ഥാനമേൽക്കുന്നത്. പാകിസ്ഥാനിലെ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിൽ ലഫ്. ജനറൽ അസീം മുനീർ സേവനം ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻ മന്ത്രിയാണ് പുതിയ സൈനിക മേധാവി​ സ്ഥാനമേറ്റ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

നവംബർ 29നാണ് ഖമർ ജാവേദ് ബജ്‍വയുടെ കാലാവധി അവസാനിക്കുന്നത്. മൂന്ന് വർഷത്തേക്ക് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ വിരമിക്കുന്നത്. ഒരു തവണ കൂടി കാലാവധി ദീർഘിപ്പിക്കാനുള്ള ആവശ്യം നിരസിക്കപ്പെട്ടു. അതേ സമയം ലഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് കമ്മിറ്റി ചെയർമാൻ പദവിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വൻ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്.

Top