Lt Gen Naveed Mukhtar appointed new ISI chief

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ നിയമിക്കപ്പെട്ടതിന് പിന്നാലെ സൈന്യത്തിലെ സുപ്രധാന പദവികളില്‍ അഴിച്ചുപണി.

പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ പുതിയ തലവനായി ലഫ്. ജനറല്‍ നവീദ് മുക്താറിനെ നിയമിച്ചു. ഐ.എസ്.ഐയിലെ തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ആയിരുന്നു അദ്ദേഹം. പാക് സൈന്യത്തിലെ സുപ്രധാന പദവികളില്‍ ഒന്നാണ് ഐ.എസ്.ഐയുടെ അധ്യക്ഷസ്ഥാനം.

ലഫ്. ജനറല്‍ റിസ്വാന്‍ അക്തറിന്റെ പകരക്കാരനായാണ് മുക്താര്‍ സുപ്രധാന പദവിയിലെത്തുന്നത്. റിസ്വാന്‍ അക്തറിനെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി അധ്യക്ഷനായി നിയോഗിച്ചു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് സഹായം നല്‍കുന്നതും, അഫ്ഗാനടക്കമുള്ള മറ്റ് അയല്‍ രാജ്യങ്ങളിലെ ഭീകരരെ സംരക്ഷിക്കുന്നതും ഐഎഎസ് ആണെന്നും പല തവണ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പാക് സര്‍ക്കാരും സൈന്യവും ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യാറുള്ളത്.

Top