LPG price hike

ന്യൂഡല്‍ഹി: എണ്ണ വില വര്‍ധന പ്രാബല്യത്തില്‍ വന്നതിന് ശേഷം മണിക്കൂറുകള്‍ തികയും മുന്‍പ് പാചകവാതക സിലിണ്ടറിന് വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 23 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപയുമാണ് വര്‍ധിപ്പിച്ചത്.

വാണിജ്യ സിലിണ്ടറിന് 1057 രൂപയായി വര്‍ധിച്ചു. കൊച്ചിയില്‍ സബ്‌സിഡിയുള്ള സിലിണ്ടറിന് 569 രൂപ 50 പൈസയായാണ് വര്‍ധിച്ചത്. ആഗോളതലത്തില്‍ എണ്ണ വില വര്‍ധിച്ച സാഹചര്യത്തിലാണ് പാചകവാതക സിലിണ്ടറുകള്‍ക്കും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസല്‍ ലിറ്ററിന് 2.26 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്ന വര്‍ധനവാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കില്‍ വന്ന വ്യതിയാനവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു കാരണമായി.

ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. മെയ് പതിനേഴിനും വില വര്‍ധിപ്പിച്ചിരുന്നു.

Top