പാചക വാതക സിലണ്ടറിന് വില കൂടി; ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വര്‍ധിച്ചത് 19.50 രൂപ

കൊച്ചി: പാചക വാതക സിലണ്ടറിന് വില കൂടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 19.50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 28.50 രൂപയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. 685 രൂപ ഗാര്‍ഹിക സിലിണ്ടറിന് നല്‍കിയിരുന്ന ഉപഭോക്താവ് ഇനി 704 രൂപ നല്‍കണം. 1,213 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇനി 1,241 രൂപയാണ് നല്‍കേണ്ടത്.

വിമാന ഇന്ധനത്തിന് തുടര്‍ച്ചയായ രണ്ടാമത്തെ മാസവും വില കൂടി. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്റെ വില വര്‍ദ്ധനവ്. സബ്‌സിഡി നല്‍കുന്നതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കളെ വില വര്‍ധനവ് ബാധിക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍ ജിഎസ്ടി നിരക്കിലുണ്ടാകുന്ന വര്‍ധന ഗാര്‍ഹിക ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വില കൂട്ടാന്‍ കാരണമെന്നാണ് വിശദീകരണം.

Top