‘സൈക്കിള്‍ വാങ്ങിത്തരണം സാര്‍’, വിദ്യാര്‍ത്ഥിയുടെ പരാതി ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കോഴിക്കോട്: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി പൊലീസിന് എഴുതിയ പരാതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സ്വന്തം നോട്ട് പുസ്തകത്തിന്റെ പേജ് കീറിയാണ് കുട്ടി പരാതി തയ്യാറാക്കിയത്.

മൂന്നു മാസമായി തന്റെ സൈക്കിള്‍ നന്നാക്കന്‍ നല്‍കിയിട്ട്. ഇതുവരേയും തിരിച്ച് കിട്ടിയിട്ടില്ല മെക്കാനിക്കിനെതിരെ നടപടി എടുക്കണം എന്നായിരുന്നു കോഴിക്കോട് മേപ്പയൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ്.ഐക്ക് ആബിന്‍ നല്‍കിയ പരാതി. എന്നാല്‍ കുട്ടിയായതിനാല്‍ പരാതി തള്ളക്കളയാതെ ഗൗരവത്തിലെടുത്ത് പൊലീസ് നടപടി സ്വീകരിച്ചു.

മെക്കാനിക്കിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് കുട്ടിക്ക് സൈക്കിള്‍ എത്രയും പെട്ടെന്ന് തിരിച്ച് നല്‍കാമെന്ന് അയാള്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. സുഖമില്ലാത്തിനാലും മകന്റെ വിവാഹ തിരക്കും കാരണമാണ് സൈക്കിള്‍ അറ്റകുറ്റപണി നടത്താന്‍ കഴിയാതിരുന്നതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു.

ആബിന്‍ നല്‍കിയ പരാതി ഇങ്ങനെയാണ്;

സര്‍, എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്തംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇതുവരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങിവെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരും ഇല്ല പോയി അന്വേഷിക്കാന്‍. അതുകൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം.

എന്ന് ആബിന്‍

ആദ്യം കേട്ടാല്‍ ചിരി വരുമെങ്കിലും പിന്നീട് ആരും ഒന്ന് ചിന്തിച്ചു പോകും ഇവന്‍ പറയുന്നത് ശരിയാണല്ലോ എന്ന്. ചെറിയ കാര്യങ്ങളാണെങ്കിലും തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. ഏതായാലും കുട്ടിയുടെ പരാതി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചിരിക്കുകയാണ്.

Top