വിവാദമായ ചിത്രങ്ങള്‍ നീക്കം ചെയ്ത്, മാപ്പു പറഞ്ഞ് ലൊയോള കോളേജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരത് മാതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രപ്രദര്‍ശനം നടത്തിയ ലൊയോള കോളേജിനെതിരെ വിവാദമുയര്‍ന്നതോടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് മാപ്പു പറഞ്ഞു. ബിജെപി നേതാക്കളും ഹിന്ദുസംഘടനങ്ങളും കോളേജിനെതിരെ തിരിഞ്ഞതോടെയാണ് കോളേജ് മാപ്പു പറഞ്ഞത്.

ജാതിയ, ലൈംഗിക അതിക്രമങ്ങളെ വിഷയമാക്കിയായിരുന്നു ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. ഭാരത് മാതയെ ലൈംഗിക അതിക്രമത്തിന് ഇരയായതായി ചിത്രീകരിച്ചതാണ് വിവാദമായത്.

ലൈംഗിക അതിക്രമത്തിന് താനും ഇരയായി എന്ന് സത്രീകള്‍ തുറന്ന് പറയുന്ന ക്യാംപെയിനാണ് മീടു. ഭാരത് മാതയും മീടു വില്‍ ഉള്‍പ്പെടുന്നു എന്ന തരത്തിലുള്ള ചിത്രീകരണത്തിനെതിരെയാണ് ഹിന്ദുസംഘടനകള്‍ അക്രമത്തിനൊരുങ്ങിയത്.

ചിത്രപ്രദര്‍ശനത്തില്‍ നരേന്ദ്രമോദിയെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ചെന്നൈ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

94 വര്‍ഷത്തോളം പഴക്കമുള്ള കോളേജാണ് ലൊയോള. നിരവധി ബിജെപി ആര്‍ എസ് എസ് നേതാക്കള്‍ കോളേജിനെതിരെ തിരിഞ്ഞിട്ടുണ്ട്. കാലങ്ങള്‍ പഴക്കമുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ലൊയോള പോലുള്ള കോളേജില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികളൊന്നും അനുവദിക്കരുതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സുന്ദര്‍ രാമന്‍ വ്യക്തമാക്കി. കോളേജ് രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് അനുമതി നല്‍കരുത് അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

Top