പശുത്തോലിന്റെ ലഭ്യത കുറവ് ; ഇന്ത്യന്‍ ക്രിക്കറ്റ് ബോള്‍ നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍. പശുത്തോല്‍ കിട്ടനില്ലാത്തതാണ് ക്രിക്കറ്റ് ബോള്‍ നിര്‍മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബോളുകളുടെ ആവിശ്യകത ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഉല്‍പാദകര്‍ക്ക് തിരിച്ചടിയായി പശുത്തോലിന്റെ അഭാവം. ജിഎസ്ടി അടക്കമുളള പ്രതിസന്ധികള്‍ കാരണം തകര്‍ച്ചയുടെ വക്കില്‍ നിന്നിരുന്ന ക്രിക്കറ്റ് ബോള്‍ നിര്‍മാണം ലോകകപ്പിന്റെ വരവോടെ നേട്ടം കൊയ്യാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കന്നുകാലികളുടെ തോല്‍ ലഭിക്കാതായതോടെ ഉല്‍പാദകരുടെ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ നിന്നായിരുന്നു ബോള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ കന്നുകാലിത്തോല്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ യൂണിറ്റുകള്‍ ഇന്ന് ഏറെക്കുറെ അടച്ചുപൂട്ടിയിരിക്കുന്നു. അതിനാല്‍ ബോള്‍ നിര്‍മാണത്തിന് ആവശ്യമായ തുകല്‍ നിര്‍മാതാക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ബോള്‍ നിര്‍മാണക്കമ്പനിയായ ബിഡിഎം അടക്കമുളളവയും ഇതേ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുമാണ് ബോള്‍ നിര്‍മാണത്തിനാവിശ്യമായ തുകല്‍ ഇറക്കുമതി ചെയ്യുന്നതെന്നും അതിനാല്‍ തന്നെ നിര്‍മിച്ച ബോളുകളുടെ വിലയുടെ കാര്യത്തില്‍ തങ്ങള്‍ വലിയ പ്രശ്‌നത്തിലാണെന്നും ബിഡിഎംമ്മിന്റെ ഉടമ രാകേഷ് മഹാജന്‍ പറഞ്ഞു.

Top