ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യ-വടക്കന്‍ കേരളത്തില്‍ ഇന്ന് വ്യാപക മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെയും മറ്റന്നാളും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ ഒഡീഷയ്ക്കും – വടക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ജൂലൈ 24ളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം ഉണ്ടായി. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് (ജൂലൈ 22) രാവിലെ 11 മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പത്ത് സെന്റിമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Top