ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം. സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന് മുകളിലായി നിലവില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദവു രൂപപ്പെട്ടിട്ടുണ്ട്. മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് ഇന്നലെ കാലാവസ്ഥ വകുപ്പ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മഴ സാധ്യതയുണ്ടെങ്കിലും കേരളത്തിലെ ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പുകളായ യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഒന്നും തന്നെയില്ല.

Top