അറബിക്കടലിന് മുകളില്‍ ന്യൂന മര്‍ദം; സംസ്ഥാനത്ത് ഇന്നും നാളെയും യെല്ലോ അലെര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലെര്‍ട്ടുള്ളത്. എറണാകുളം, പാലക്കാട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം ഉച്ചയ്ക്ക് ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും ചെറിയ മഴയ്ക്ക് സാധ്യതയുമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ലഭിച്ചേക്കും.

മദ്ധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ന്യൂന മര്‍ദം നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ കോമാറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുകയാണ്. ഇവയുടെ സ്വാധീനത്താല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് വിവിധ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരളത്തില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Top