ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത: 5 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അതിനിടെ പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി പെയ്യുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍ വന മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയര്‍ ,മണിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായെന്നും വിവരമുണ്ട്. മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top