അറബികടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ തെക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് – കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപ്പിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.

ചൊവ്വാഴ്ചയോടെ ചക്രവാതച്ചുഴി, ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. ഒക്ടോബര്‍ 15 മുതല്‍ 19 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Top