അറബിക്കടലില്‍ ന്യൂനമര്‍ദം ഞായറാഴ്ച ‘ടൌട്ട’ ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതിജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ‘ടൌട്ട’ ചുഴലിക്കാറ്റാകും ജില്ലാഭരണകൂടങ്ങളോട് സജ്ജരാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണെന്നും നാളെയോടെ തീവ്രന്യൂനമര്‍ദമാകുമെന്നും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും.

ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്തു നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. മണിക്കൂറില്‍ 80 കിലോമീറ്ററിലേറെ വേഗതയിലാണ് കാറ്റ് വീശുക. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റീമീറ്ററിന മുകളില്‍ മഴയുണ്ടാകും.ലക്ഷദ്വീപില്‍ ഇന്നും നാളെയും അതീ തീവ്രമഴയുണ്ടാകും. തിരുവന്തപുരത്ത് രാവിലെ മുതല്‍ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് ഇനി ഒരു അറിയിപ്പുണ്ടാകും വരെ മത്സ്യ ബന്ധനം നിരോധിച്ചതായും അറിയിച്ചു.

Top