അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ 14 മുതല്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: മേയ് 14 മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂമര്‍ദ്ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല. എങ്കിലും ശക്തമായ മഴയ്ക്കും കടലാക്രമണത്തിനു സാധ്യതയുണ്ട്.

ലക്ഷദ്വീപിന് സമീപം വടക്ക് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം മെയ് 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കില്‍ മ്യാന്മാര്‍ നല്‍കിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക.

ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ പ്രതീക്ഷിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

 

Top