അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബികടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും മഞ്ഞ ജാഗ്രതയുണ്ട്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. നവംബര്‍ ഒമ്പതിന് ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് കൂടുതല്‍ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Top