ആറന്മുളയില്‍ മില്ലില്‍ എത്തിയ നെല്ലിന്റെ അളവില്‍ കുറവ് ; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

പത്തനംതിട്ട: ആറന്മുളയിലെ വലിയ പാടങ്ങളില്‍ ഒന്നായ നീര്‍വിളാകത്തുനിന്ന് വൈക്കം മില്ലില്‍ എത്തിയ നെല്ലിന്റെ അളവില്‍ കുറവുണ്ടായതനെ തുടര്‍ന്ന് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 150 ഏക്കര്‍ കൃഷി ചെയ്തപ്പോള്‍ 260 ടണ്‍ നെല്ല് ലഭിക്കണമായിരുന്നു പക്ഷെ 105 ടണ്‍ നെല്ല് മാത്രമാണ് മില്ലില്‍ എത്തിയത്. വിളവും മില്ലില്‍ എത്തിയ നെല്ലിന്റെ അളവും തമ്മിലുള്ള വലിയ വ്യത്യാസം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കൃഷിവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

കൃഷിവകുപ്പ് നടത്തുന്ന ക്രോപ്പ് കട്ട് സര്‍വേയില്‍ കാണിച്ച അളവ് നെല്ല് മില്ലില്‍ എത്തിയില്ല എന്നാണ് പരാതി. നീര്‍വിളാകത്തിന് ഒപ്പം കൃഷിചെയ്ത പുന്നയ്ക്കാട്, മല്ലപ്പുഴശേരി പാടങ്ങളില്‍ സര്‍വേ പ്രകാരമുള്ള നെല്ല് കിട്ടിയിട്ടുണ്ട്.

പുന്നയ്ക്കാട് 25 ഏക്കറിലായിരുന്നു കൃഷി. 45 ടണ്‍ നെല്ല് മില്ലിലെത്തി. മല്ലപ്പുഴശേരിയില്‍ 14 ഏക്കറിലായിരുന്നു കൃഷി. 28.5 ടണ്‍ നെല്ല് മില്ലിലെത്തി. ഇതനുസരിച്ച് നോക്കുമ്പോള്‍ നീര്‍വിളാകത്തുനിന്ന് 150 ഏക്കറില്‍ 105 ടണ്‍ നെല്ല് ലഭിച്ചാല്‍ പോരാ.ഈ വ്യത്യാസം എങ്ങനെ വന്നു എന്ന് വ്യക്തമല്ല.

ആറന്മുളയില്‍ പ്രതീക്ഷിച്ചപോലെ ഉത്പാദനം ഉണ്ടാക്കുന്നില്ല എന്നുവരുത്താന്‍ ഇത്തരം വ്യത്യാസങ്ങള്‍ കാരണമാകുമെന്ന് കൃഷിക്കാര്‍ ആശങ്കപ്പെടുന്നു.

Top