എല്ലാവര്‍ക്കും ഇനി ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതിയായി

തിരുവനന്തപുരം : കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതിയായി. സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും ഇരുപതുലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന പദ്ധതിക്ക് ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്‍കിയത്.

ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച്‌ അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് കെ-ഫോണ്‍ പദ്ധതി. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

കെഎസ്‌ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഇത്തരം ഒരു പദ്ധതിയെപ്പറ്റി സർക്കാർ ചിന്തിച്ചു തുടങ്ങിയത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി അറിയിച്ചത്. 2016 ൽ ആരംഭിക്കാനിരുന്ന പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല.

Top