വനത്തിനുള്ളില്‍ കഴിച്ചു കൂട്ടിയത് മൂന്നാഴ്ച്ച: പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍

മൂലമറ്റം: വനത്തിനുള്ളില്‍ 23 ദിവസം ഒളിച്ചു കഴിഞ്ഞ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും പൊലിസ് പിടികൂടി. മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന ജോര്‍ജും (21),പതിനേഴുകാരിയായ പെണ്‍കുട്ടിയുമാണ് മൂന്നാഴ്ച്ചയോളം വനത്തില്‍ ഒളിച്ചുകഴിഞ്ഞത്.

കഴിഞ്ഞ ആറാം തിയതിയാണ് കുമളി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ കുമളി സ്റ്റേഷനില്‍ പരാതി നല്‍കി.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഇലവീഴാപ്പൂഞ്ചിറ വനമേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചത്.

കാട്ടുകിഴങ്ങും നാളികേരവും കഴിച്ച് വിശപ്പകറ്റിയാണ് ഇരുവരും കാട്ടില്‍ ഇത്രയും ദിവസം കഴിഞ്ഞുകൂടിയത്. തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി ഇരുവരും ഇന്നലെ പൊലിസിനു മുന്നില്‍ പെട്ടു. ഇതോടെ രണ്ടുപേരും രണ്ടു ദിക്കിലേക്ക് ഓടി. പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടില്‍ അഭയം പ്രാപിച്ചു. വീട്ടുകാര്‍ വെള്ളവും ആഹാരവും നല്‍കി. ശേഷം നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിച്ചു. കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരും പൊലിസും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി. അപ്പുവിനെ ഇന്ന് തൊടുപുഴ കോടതിയില്‍ ഹാജരാക്കും.

Top