ലൗജിഹാദ്; സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം -അങ്കമാലി അതിരൂപത മുഖപത്രം

കൊച്ചി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം -അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ലവ് ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ഒരു മാധ്യമത്തില്‍ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു.

ഫാദര്‍ കുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിലാണ് ലൗജിഹാദിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ‘ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സര്‍ക്കുലര്‍. പൗരത്വ നിയമത്തില്‍ രാജ്യം നിന്ന് കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയില്‍ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്.

പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണ്.കേരളത്തില്‍ നിന്ന് ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്ന് സഭ കുറ്റപ്പെടുത്തി.

Top