ലൗ ജിഹാദ് ആരോപിച്ച് കൊലപാതകം ; കൊലയാളിയെ പിന്തുണച്ച് റാലിക്ക് ആഹ്വാനം

ജയ്പൂര്‍: രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം മതസ്ഥനെ വെട്ടിവീഴ്ത്തിയശേഷം ജീവനോടെ കത്തിച്ച സംഭവത്തില്‍ കൊലയാളിയെ പിന്തുണച്ച് റാലിക്ക് ആഹ്വാനം.

പ്രതിയായ ശംഭൂലാല്‍ റഗാറിനു പിന്തുണ തേടിയാണ് റാലിക്കു നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി ഉപദേശ് റാണയെ ഇന്ന് രാവിലെ ജയ്പൂരില്‍നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ലൗ ജിഹാദ് കൊലപാതകത്തെ പിന്തുണച്ച് റാണ ഫേസ്ബുക്കിലൂടെയാണ് പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഉദംപൂര്‍ ചലോ എന്ന പേരിലാണ് ഫേസ്ബുക്കിലൂടെ വിദ്വേഷമുളവാക്കുന്ന ആഹ്വാനത്തിന് തുടക്കം കുറിച്ചത്.

സംഭവത്തെ തുടര്‍ന്നു മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജസ്ഥാനില്‍ സഹോദരിയെ പ്രണയിച്ച മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

രാജസ്ഥാനിലെ രാജസമന്ദിലാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്.

സഹോദരിയോട് മുസ്ലീം യുവാവിനുള്ള പ്രണയം ലൗ ജിഹാദാണെന്ന് ആരോപിച്ചാണ് ഈ ക്രൂരത നടത്തിയത്.

ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വീഡിയോയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ മുഹമ്മദ് അഫ്രസുള്‍ ആണ് കൊല്ലപ്പെട്ട വ്യക്തിയെന്നും അക്രമി രാജസമന്ദ് സ്വദേശിയായ ശംഭുലാല്‍ റഗാര്‍ ആണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി അഫ്രസുളിനെ സംഭവ സ്ഥലത്തെത്തിച്ചത്.

സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും ചിത്രീകരിക്കാനായി പ്രതിക്ക് ഒരു സുഹൃത്തിന്റെ സഹായവും ലഭിച്ചിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാകുന്ന അഫ്രസുള്‍ ദയവുണ്ടാകണമെന്ന് ശംഭുലാലിനോട് യാചിക്കുന്നതും, അതിന് ശേഷം അഫ്രസുളിനെ പ്രതി ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

Top