യുപിയില്‍ വീണ്ടും ‘ലൗ ജിഹാദ് നിയമം’ ഉപയോഗിച്ച് അറസ്റ്റ്‌

ലഖ്‌നൗ: വിവാദ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്രദേശവാസികളുടെ പരാതിയിലാണ് വിദേശി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദക്ഷിണകൊറിയന്‍ സ്വദേശിയടക്കം മൂന്നു സ്ത്രീകള്‍, ഒരു പുരുഷന്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തെ ഗൗതം ബുദ്ധ് നഗര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. ദക്ഷിണകൊറിയന്‍ സ്വദേശിയായ അന്‍മൂള്‍ കുടുംബത്തോടൊപ്പം നോയിഡയിലാണ് താമസം.

ഉമേഷ്, സീമ, സന്ധ്യ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന നിയമത്തില്‍ നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മലക്പൂരിലെ സ്ത്രീ പരാതി നല്‍കിയതായി സ്റ്റേഷന്‍ ചുമതലയുള്ള പ്രതീപ് കുമാര്‍ ത്രിപാഠി വ്യക്തമാക്കി. മിഷണറി സംഘം ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും പണവും വാഗ്ദാനം ചെയ്തതായും പൊലീസ് പറഞ്ഞു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് നടക്കുന്നത് നവംബര്‍ 29നാണ്. യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്കകം ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഒവൈസ് അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യിപ്പിച്ചുവെന്ന ഒവൈസിന്റെ ഭാര്യയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു കേസ്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായി കൊണ്ടുവന്ന ‘ലൗ ജിഹാദ്’ വിരുദ്ധ നിയമപ്രകാരം ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കും. എസ്സി / എസ്സി സമുദായത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവര്‍ത്തനമാണ് നടന്നിട്ടുള്ളതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാവും ശിക്ഷ.

Top