ലൗ ജിഹാദിന് മധ്യപ്രദേശില്‍ 10 വര്‍ഷം തടവ്

ഭോപാല്‍: മതപരിവര്‍ത്തനം ലക്ഷ്യമിട്ട് വിവാഹം കഴിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് നല്‍കാവുന്ന കരട് ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറാക്കി. ഇത്തരം വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന പുരോഹിതന്മാരും അഞ്ചു വര്‍ഷം വരെ ജയിലില്‍ പോകേണ്ടിവരുമെന്ന് കരടില്‍ പറയുന്നു.

എംപി ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍-2020′ അടുത്തുതന്നെ മന്ത്രിസഭ അംഗീകരിച്ച് ഡിസംബര്‍ 28ന് ആരംഭിക്കുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. വിവാഹത്തിനു വേണ്ടി സ്വമേധയാ മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്കു പരാതി നല്‍കാന്‍ അവസരമുണ്ടാകും.

നിയമപരമല്ലാത്ത വിവാഹത്തിനു നേതൃത്വം നല്‍കുന്നവരെയും കുറ്റക്കാരായി കണ്ട് ശിക്ഷിക്കും. അത്തരം വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സംഘടനകളുടെ റജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ശിക്ഷ 10 വര്‍ഷമാക്കുന്നതോടെ പ്രതികള്‍ക്കു പൊലീസ് സ്റ്റേഷനില്‍ നിന്നു ജാമ്യം ലഭിക്കുന്ന സാഹചര്യം ഇല്ലാതാകും. പരാതി ഇല്ലാതെ തന്നെ കേസെടുക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമായി ഇതിനെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു

Top