ലൗ ജിഹാദ് നിയമം; യുപിയില്‍ ഒരു മാസം അറസ്റ്റിലായത് 35 യുവാക്കള്‍

പാറ്റ്‌ന: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഒരു മാസം അറസ്റ്റിലായത് 35 യുവാക്കളെന്ന് ദേശീയ മാധ്യമമായ പിറ്റിഐ. നവംബര്‍ 27 ന് നിയമം നടപ്പിലായതിന് ശേഷം ഇതുവരെ ഒരു ഡസനോളം എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

നിയമം നിലവില്‍വന്നതിന്റെ പിറ്റേന്ന് തന്നെ ആദ്യ അറസ്റ്റുണ്ടായി. ബറേലി സ്വദേശിയായ 20 കാരിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഉവൈഷ് അഹമ്മദ് എന്ന 21 കാരന്‍ അറസ്റ്റിലായത്. 3 ദിവസത്തിന് ശേഷം ആദ്യ എഫ്‌ഐആര്‍ ഉവൈഷ് അഹമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തന്റെ മകളെ മതപരിവര്‍ത്തനത്തിനായി ഉവൈഷ് നിര്‍ബന്ധിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. ഉവൈഷ് അഹമ്മദിന് പിന്നാലെ, നദീം, മുസഫര്‍ നഗറിലുള്ള നദീമിന്റെ സുഹൃത്ത്, മൊറാദാബാദിലുള്ള സഹോദരങ്ങളായ റാഷിദും സലീമും, മൊയിലെ ഷദബ് ഖാന്‍, സിതാപൂരിലെ അഞ്ച് മുസ്‌ലിം യുവാക്കള്‍, ബിജ്‌നോറിലെ അഫ്‌സല്‍, ഹര്‍ദോയിലെ മുഹമ്മദ് അസാദ് തുടങ്ങിയവരെല്ലാം അറസ്റ്റിലായിരുന്നു.

അക്ഷയ് കുമാര്‍ ത്യാഗി എന്ന ആളുടെ പരാതിയെത്തുടര്‍ന്നാണ് നദീം അറസ്റ്റിലാകുന്നത്. തന്റെ ഭാര്യ പരുളിനെ വിവാഹ വാഗ്ദാനം നല്‍കി മതംമാറ്റാന്‍ നദീം ശ്രമിച്ചു എന്നായിരുന്നു അക്ഷയ് കുമാറിന്റെ പരാതി. എന്നാല്‍, ആഴ്ചകള്‍ക്ക് ശേഷം അലഹബാദ് കോടതി നദീമിനെതിരെ നടപടികള്‍ സ്വീകരിക്കരുതെന്ന് ഉത്തരവിട്ടു.

മൊറാദാബാദിലെ സലിം അലി റാഷിദ് അലി എന്നീ സഹോദരങ്ങളെയും ലവ് ജിഹാദ് നിയമപ്രകാരം ഈ മാസം അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കോടതി ഉത്തരവ് പ്രകാരം വിട്ടയച്ചു.സഹപാഠിയായ ഒരു ദലിത് പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് ബിജ്‌നോറില്‍ ഒരു മുസ്‌ലിം യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സുഹൃത്തിന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി ഒരു കൂട്ടം ആളുകള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.

യോഗി ആദിത്യനാഥ് നടപ്പില്‍ വരുത്തിയ പുതിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് കൊണ്ട് അലഹബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Top