പ്രണയ നൈരാശ്യം; പ്ലസ് ടു വിദ്യാര്‍ത്ഥി പുഴയില്‍ ചാടി, തെരച്ചില്‍

തൃശൂർ: പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി. ഇരിങ്ങാലക്കുട കരുവന്നൂർ പുഴയിലാണ് ഇരിങ്ങാലക്കുട സ്വദേശി അലൻ ക്രിസ്റ്റോ (18) ചാടിയത്. വിദ്യാർത്ഥിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കരുവന്നൂർ പാലത്തിന് സമീപം സൈക്കിൾ നിർത്തി വിദ്യാർത്ഥി പുഴയിലേയ്ക്കു ചാടുകയായിരുന്നു. മൂർക്കനാട് സ്വദേശിയായ ഇലക്ട്രിഷ്യൻ അജയൻ സംഭവ സ്ഥലത്തുണ്ടായിരുന്നു. വിദ്യാർത്ഥിയോട് ചാടല്ലേയെന്ന് പറയുമ്പോഴേക്കും അലൻ പുഴയിലേക്ക് ചാടിയെന്ന് അജയൻ പറയുന്നു. താഴെപ്പോയി വഞ്ചിയെടുത്ത് പുഴയിലേയ്ക്ക് ഇറങ്ങിയെങ്കിലും അലൻ മുങ്ങിത്താണു. ചിമ്മിനി ഡാം തുറന്നതിനാൽ പുഴയിൽനല്ല ഒഴുക്കായിരുന്നു. അവിട്ടത്തൂർ എൽബിഎസ്എം സ്‌കൂളിലെ വിദ്യാർഥിയാണ്. പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ തുടരുകയാണ്.

Top