നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’; ചിത്രികരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ലവ് അക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും. ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭയും. സംശയരോഗമുള്ള, എന്നാല്‍ ആത്മവിശ്വാസം തീരെയില്ലാത്ത ഭര്‍ത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാര്‍വതിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു അത്.

പേരുകള്‍ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭര്‍ത്താക്കന്‍മാരായാണ് നിവിനും നയന്‍സും ചിത്രത്തിലെത്തുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രമണ്യവും ചേര്‍ന്ന് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്.

Top