വീണ്ടും അതിർത്തി കടന്ന് പ്രണയം; സ്നാപ് ചാറ്റിലെ പാകിസ്ഥാൻ കാമുകനെ തേടി ചൈനീസ് യുവതി

പെഷവാർ: സീമയും സച്ചിനും, അഞ്ജുവും നസ്‌റുല്ലയും തമ്മിലുള്ള അതിരുകൾ ഭേദിച്ചുള്ള ഇന്ത്യ പാക്ക് പ്രണയ ബന്ധം വലിയ പ്രശ്നങ്ങളും പൊല്ലാപ്പും ഒക്കെയായി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും അതിർത്തി കടന്നൊരു പ്രണയം വാർത്തകളിൽ നിറയുകയാണ്. സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട പാക് കാമുകനെ കാണാനായി അതിർത്തി കടന്നെത്തിയ ചൈനീസ് യുവതിയുടെ പ്രണയ കഥയാണ് വൈറലാവുന്നത്. താൻ സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സുഹൃത്തിനെ കാണാനാണ് ഗാവോ ഫെങ് എന്ന ചൈനീസ് യുവതി എത്തിയതെന്ന് പാക് പൊലീസ് അറിയിച്ചു.

മൂന്ന് മാസത്തെ സന്ദർശന വിസയുമായി ചൈനയിൽ നിന്ന് റോഡ് മാർഗം ബുധനാഴ്ചയാണ് ഗാവോ ഫെങ് കാമുകനെ തേടി ഇസ്ലാമാബാദിൽ എത്തിയത്. അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ബജൗർ ആദിവാസി ജില്ലയിൽ താമസിക്കുന്ന 18 വയസ്സുകാരനായ ജാവേദിനെ തേടിയാണ് 21 കാരിയായ യുവതി എത്തിയത്. അഫ്ഗാനിസ്ഥാന്റെ അതിർത്തിയായ ബജൗർ ജില്ലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാവേദ് യുവതിയെ ലോവർ ദിർ ജില്ലയിലെ സമർബാഗ് തഹ്‌സിലിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയതായാണ് വിവരം.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും സ്‌നാപ്ചാറ്റ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് യുവതിക്ക് സമർബാഗ് മേഖലയിൽ പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ലോവർ ദിർ ഡിസ്ട്രിക്ട് ജില്ലാ പോലീസ് ഓഫീസർ സിയാവുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ യാത്രാരേഖകൾ എല്ലാം പരിശോധിച്ചതായും ജാവേദും യുവതിയും തമ്മിലുള്ള നിക്കാഹ് ഇതുവരെ നടത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അടുത്തിടെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായിരുന്നു. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജ്യം വിട്ട് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം പാക് കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്. വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്.

Top