ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലും താമര വിരിയും,ഭൂരിപക്ഷം ഉയരും ; കേശവ് പ്രസാദ് മൗര്യ

KESAV PRASSAD MOURYA

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഗോരഖ്പുര്‍, ഫുല്‍പുര്‍ എന്നീ മണ്ഡലങ്ങളില്‍ മാര്‍ച്ച് 11നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 14നാണ് വോട്ടെണ്ണല്‍.

ഗോരഖ്പുര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫുല്‍പുര്‍ കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളാണ്. രണ്ടുപേരും നിയമസഭയിലേക്ക് മല്‍സരിച്ചതിനാലാണ് വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

‘രണ്ട് മണ്ഡലങ്ങളിലും താമര വിരിയും. അതില്‍ സംശയമില്ല. ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് ജനങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത്. ഞങ്ങള്‍ വിജയിക്കുമെന്നതിന്റെ സൂചനയാണിത്. രണ്ട് മണ്ഡലങ്ങളിലെയും ഭൂരിപക്ഷം ഉയരും. വോട്ട് വിഹിതം കണക്കുകൂട്ടിയാല്‍ 60% ഞങ്ങള്‍ക്കാണ്. മറ്റുള്ളവ മാത്രമാണ് മറ്റു പാര്‍ട്ടികള്‍ക്ക് അവകാശപ്പെട്ടത്’ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് മൗര്യ പറഞ്ഞു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയം ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും മൗര്യ അറിയിച്ചു.

ബിജെപിക്കായി ഫുല്‍പുരില്‍ കൗശലേന്ദ്ര സിങ് പട്ടേലും ഗോരഖ്പുരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയുമാണ് മത്സരിക്കുന്നത്. ഫുല്‍പുരില്‍ പ്രവീണ്‍ നിഷാദും ഗോരഖ്പുരില്‍ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേലുമാണ് സമാജ്‌വാദി പാര്‍ട്ടിക്കുവേണ്ടി മല്‍സരിക്കുന്നത്.

ഗോരഖ്പുരില്‍ സുരീത കരീം, ഫുല്‍പുരില്‍ മനീഷ് മല്‍ഹോത്ര എന്നിവരാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍. ഒരിക്കല്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയായിരുന്ന ഫുല്‍പുര്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുകയായിരുന്നു.

യോഗി ആദിത്യനാഥിന്റെ ഉറച്ച മണ്ഡലമാണ് ഗോരഖ്പുര്‍. ഇവിടെനിന്ന് അഞ്ചു തവണയാണു യോഗി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുള്ളത്. യോഗിക്ക് മുന്‍പ് മൂന്നു തവണ ബിജെപിയുടെ അവൈദ്യനാഥ് ആയിരുന്നു മണ്ഡലം പ്രതിനിധീകരിച്ചിരുന്നത്.

Top