ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

ഹരിപ്പാട്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് പെട്രോള്‍ ഒഴിച്ചു കത്തിച്ച് ജീവനൊടുക്കി. മാന്നാര്‍ മേപ്പാടം കൊട്ടാരത്തില്‍ കമലാദാസന്റെ മകന്‍ കെ.അര്‍ജുന്‍(23) ആണ് മരിച്ചത്. ഞായറാഴ്ച പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുക ആയിരുന്നു.

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി. സുഹൃത്തിന്റെ പണവും അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടുത്ത പണവും ഉപയോഗിച്ചാണ് അര്‍ജുന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചത്. ഒരു ലക്ഷം രൂപയോളം അര്‍ജുന് നഷ്ടമായി.

സുഹൃത്ത് പണയം വച്ച ബൈക്ക് തിരിച്ചെടുക്കാന്‍ അര്‍ജുനെ ഏല്‍പിച്ച 60,000 രൂപയാണ് നഷ്ടമായത്. സുഹൃത്തിന് പണം തിരിച്ചു നല്‍കേണ്ടത് ഇന്നലെയായിരുന്നു. കുറച്ചു ദിവസമായി അര്‍ജുന്‍ അതിന്റെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു 25,000 രൂപയും എടുത്തിരുന്നു.

ഞായറാഴ്ച രാത്രി വീടിനു സമീപമുള്ള കട്ടക്കുഴി തേവേരി പാടത്തിന്റെ ബണ്ടില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബൈക്ക് ബണ്ടിനു സമീപമുള്ള റോഡില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഹെല്‍മറ്റ് തലയില്‍ വച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. അതിനാല്‍ മുഖത്ത് പൊള്ളലേറ്റിരുന്നില്ല. ശനിയാഴ്ച വീട്ടില്‍ നിന്നു ബൈക്കില്‍ തൃശൂരിലേക്കു പോയ അര്‍ജുന്‍ മടങ്ങി വരും വഴി പെട്രോള്‍ വാങ്ങിയിരുന്നെന്നാണ് സൂചന.

നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അര്‍ജുന്‍ ഇന്നലെ രാവിലെ മരിച്ചു. തിരുവനന്തപുരം ഗവ.എന്‍ജിനീയറിങ് കോളജില്‍ നിന്നു കഴിഞ്ഞ വര്‍ഷം ബിടെക് പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ല. അര്‍ജുനന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവ്: ശാലിനി ദേവി. സഹോദരന്‍: കെ. അരവിന്ദ്.

 

 

Top