നഷ്ടമായത് രാജ്യത്തെ സോഷ്യലിസ്റ്റ് ചേരിയിലെ മുന്നണി പോരാളിയെ

കോഴിക്കോട്: എംപി വിരേന്ദ്രകുമാറിന്റെ വിയോഗത്തോടെ രാജ്യത്തെ സോഷ്യലിസ്റ്റ് ചേരിയുടെ പതാക വാഹകരില്‍ പ്രമുഖനെയാണ് നഷ്ടമാകുന്നത്. മുന്നണികള്‍ മാറിമറിഞ്ഞപ്പോള്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച് ഇടതുചേരിയിലേക്ക് മടങ്ങിയെത്താന്‍ വീരേന്ദ്ര കുമാറിനെ പ്രേരിപ്പിച്ചത് സോഷ്യലിസ്റ്റ് ചേരിയുമായുളള വൈകാരിക ബന്ധമാണ്. വയനാട്ടിലെ പ്രമുഖ ജന്മി കുടുംബത്തില്‍ സമ്പന്നതയ്ക്ക് നടുവില്‍ പിറന്ന എം പി വീരേന്ദ്ര കുമാര്‍ പിതാവ് പത്മപ്രഭാ ഗൗഡറുടെ കൈപിടിച്ചാണ് സോഷ്യലിസ്റ്റ് ചേരിയിലെത്തിയത്.

സോഷ്യലിസ്റ്റ് നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന പദ്മപ്രഭാ ഗൗഡറുടെ വിപുലമായ സൗഹദവലയത്തില്‍ ജയപ്രകാശ് നാരായണന്‍ മുതല്‍ റാം മനോഹര്‍ ലോഹ്യ വരെയുളള നേതാക്കളുമുണ്ടായിരുന്നു. സ്‌കൂള്‍ പഠനം കാലത്ത് തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വീരേന്ദ്ര കുമാര്‍ വയനാട്ടിലെയും മലബാറിലെയും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. പിതാവിന്റെ വിപുലമായ ഗ്രന്ഥശേഖരം ഇതിന് തുണയാവുകയും ചെയ്തു. ബിരുദ, ബിരുദാനന്തര പഠനത്തിനു ശേഷം നാട്ടിലെത്തി സജീവ രാഷ്ട്രീയത്തിലിറങ്ങിയ വീരേന്ദ്ര കുമാര്‍ 1968-70-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഓള്‍ ഇന്ത്യ ട്രഷററായി.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ജയപ്രകാശ് നാരായണന്‍ രാജ്യമാകെ പട നയിച്ചപ്പോള്‍ വീരേന്ദ്ര കുമാറും ആ മുന്നേറ്റത്തില്‍ പങ്കാളിയായി. ഇന്ദിരാ ഭരണത്തിനെതിരെ രാജ്യമാകെ വീശിയടിച്ച തരംഗത്തിന്റെ മുന്നണിപ്പോരാളിയായ വീരേന്ദ്ര കുമാര്‍ കേരളത്തിലെ സോഷ്യലിസ്റ്റ് ചേരിയുടെ മുഖമായി മാറി. ജയില്‍ വാസക്കാലത്ത് സഹതടവുകാരായിരുന്ന പിണറായി വിജയന്‍ അടക്കമുളള കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി ആഴത്തിലുളള സൗഹൃദം രൂപപ്പെട്ടു. എല്‍ഡിഎഫ് രൂപീകരിച്ചപ്പോള്‍ മുന്നണിയുടെ ആദ്യ കണ്‍വീനറുമായി. 93-ല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 96-ലും 2004-ലും കോഴിക്കോട് നിന്ന് ഇടതു ടിക്കറ്റില്‍ ലോക്‌സഭയിലെത്തി.

എന്നാല്‍ 2009-ല്‍ ലോക്‌സഭാ ടിക്കറ്റ് നിഷേധത്തെത്തുടര്‍ന്ന് ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ വീരേന്ദ്ര കുമാര്‍ യുഡിഎഫിലെത്തി. അപ്പോഴും ദേശീയ തലത്തില്‍ നടന്ന പല സമരങ്ങളിലും അദ്ദേഹം ഇടതു ചേരിക്കൊപ്പം തുടര്‍ന്നു. ഒടുവില്‍ പത്തു വര്‍ഷത്തോളം നീണ്ട മുന്നണി ബാന്ധവം മതിയാക്കി യുഡിഎഫിനോട് വിടപറഞ്ഞ് വീരേന്ദ്ര കുമാര്‍ ഇടതു ക്യാംപില്‍ മടങ്ങിയെത്തി. ഇന്ദിരാ ഭരണത്തെ താഴെയിറക്കിയ ജനതാ പാര്‍ട്ടി പിന്നീട് പല ചേരികളായി പിരിഞ്ഞ് ക്ഷയിച്ചതില്‍ ദുഖിക്കുകയും ജനതാ ഐക്യമെന്ന സ്വപ്നം മനസില്‍ സൂക്ഷിക്കുകയും ചെയ്ത നേതാവു കൂടിയായിരുന്നു വീരേന്ദ്ര കുമാര്‍.

Top