കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവം ; മൂന്ന് പേര്‍ കസ്റ്റഡിയില്‍

dead body

പാലക്കാട് : വാളയാര്‍ ചെക്ക് പോസ്റ്റില്‍ ലോറി സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കസബ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചത്. മേട്ടുപ്പാളയം സ്വദേശി മുബാറക്ക് ബാഷയാണ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്. കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്ന് പരുക്കേറ്റാണ് മുബാറക് ബാഷ മരിച്ചത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.

അതിനിടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. ഡീസല്‍ വില വര്‍ധനയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.

Top