റോഡുപണിക്കിടെ മുറിച്ച മരത്തടി കടത്തിയ ലോറി വനം വകുപ്പ് പിടികൂടി

കട്ടപ്പന: ഉടുമ്പന്‍ചോല ചിത്തിരപുരം റോഡ് വികസനത്തിന്റെ മറവില്‍ വെട്ടിയ മരങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയാണ് കസ്റ്റഡിയില്‍ എടുത്തത്.

മൊഴി രേഖപ്പെടുത്തുവാന്‍ പലതവണ വിളിച്ചിട്ടും ഹാജരാകാതിരുന്ന കരാറുകാരന്റെ വീട്ടില്‍ ഇന്ന് രാവിലെ, വനംവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു. കരാറുകാരന്‍ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ വീടിന് സമീപം നടത്തിയ തെരച്ചിലിലില്‍ ലോറി കണ്ടെത്തി.

റോഡ് വികസനത്തിന്റെ പേരില്‍ അമ്പതോളം വന്‍ മരങ്ങളാണ് മുറിച്ച് മാറ്റിയത്. കാര്‍ഡമം ഹില്‍ റിസവില്‍ വരുന്ന ഉടുമ്പന്‍ചോല താലൂക്കിലാണ് മരം മുറി. അനുമതി വാങ്ങാതെ മരം മുറിച്ച പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്.

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുവെന്നാണ് വിശദീകരണം. പക്ഷേ സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന ഇവിടെ നിന്നു മരം മുറിക്കാന്‍ വനം വകുപ്പില്‍ നിന്നും അനുമതിയൊന്നും വാങ്ങിയില്ല. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ ഉടുമ്പന്‍ചോല സെക്ഷനില്‍ നിന്നും 18 മരങ്ങളും ശാന്തന്‍ പാറ സെക്ഷനില്‍ നിന്നും എട്ടു മരങ്ങളും മുറിച്ചതായാണ് കണ്ടെത്തിയത്.

ഇതോടൊപ്പം കുരങ്ങുപാറയില്‍ നിന്നും മൂന്നൂറ് എക്കറിലേക്കുള്ള റോഡരികില്‍ നിന്നും 22 മരങ്ങളും വെട്ടി. ചന്ദനവയമ്പ്, ഇരുമ്പിറക്കി, ചോരക്കാലി, മയില,മരുത് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട മരങ്ങളാണ് മുറിച്ചത്.

കുറച്ച് തടി കരാറുകാരന്‍ അറിഞ്ഞ് കടത്തിക്കൊണ്ടു പോകുകയും ചെയ്തു. മേയ് 31 നു മുമ്പാണ് മരങ്ങള്‍ മുറിച്ചത്. മുട്ടില്‍ മരം മുറി വിവാദമായതിനെ തുടന്നാണ് അഞ്ചാം തീയതിയാണ് വനം വകുപ്പ് കേസെടുത്തത്.

 

Top