മുന്നിലെ ലോറിയില്‍ നിന്ന് പടുത അഴിഞ്ഞ് വീണ് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: വാഹനാപകടത്തില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു. കോട്ടയം പള്ളം പന്നിമറ്റം പുളിമൂട്ടില്‍ (നടുപ്പറമ്പില്‍) വീട്ടില്‍ വി.കെ. സജീവ് (54) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ (54) കാലിനു സാരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നില്‍പ്പോയ ലോറിയില്‍നിന്ന് പടുത പറന്ന് ഓട്ടോറിക്ഷയില്‍ വീണതിനെത്തുടര്‍ന്ന് ഓട്ടോഡ്രൈവറുടെ കാഴ്ചമറഞ്ഞതാണ് അപകടത്തിന് കാരണം. ഓട്ടോ നിയന്ത്രണംവിട്ട് എതിരേ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആലപ്പുഴ എ.സി. റോഡില്‍ പള്ളാത്തുരുത്തി പാലത്തിനടുത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ഓട്ടോ ലോറിക്കടിയിലേക്കു കയറി തകര്‍ന്നനിലയിലായിരുന്നു. കാല്‍മണിക്കൂറോളം ഓട്ടോയില്‍ക്കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഓട്ടോ ലോറിക്കടിയില്‍നിന്നു നീക്കി. ഹൈവേ പോലീസും ആലപ്പുഴ സൗത്ത് പൊലീസും സ്ഥലത്തെത്തി അപകടമുണ്ടാക്കിയ ടോറസും പടുത അഴിഞ്ഞുവീണെന്നു സംശയിക്കുന്ന പ്ലാസ്റ്റിക്മാലിന്യവുമായിപ്പോയ ലോറിയും കസ്റ്റഡിയിലെടുത്തു. സജീവിന്റെ മക്കള്‍: എം.എസ്. അരവിന്ദ്, എം.എസ്. അജിത്ത്.

Top