രാമനും, ഹിന്ദുത്വവും ഏതെങ്കിലും പാര്‍ട്ടിയുടെ മാത്രം സ്വത്തല്ല; മുന്‍ പങ്കാളിയെ കുത്തി സേന

ഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ 100 ദിവസം തികയ്ക്കുന്നതിന്റെ ഭാഗമായി ഉദ്ധവ് താക്കറെ അയോധ്യാ സന്ദര്‍ശനം നടത്തുന്ന ദിവസം തന്നെ തങ്ങളുടെ മുന്‍സഖ്യകക്ഷിയായ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ശിവസേന. സേനാ മുഖപത്രമായ സാമ്‌നയിലാണ് ‘രാമഭഗവാനും, ഹിന്ദുത്വവും’ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം സ്വത്തല്ലെന്ന് ശിവസേന സാമ്‌നയില്‍ കുറിച്ചു.

മഹാ വികാസ് അഘഡി സര്‍ക്കാര്‍ 100 മണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കില്ലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ എന്‍സിപിയും, കോണ്‍ഗ്രസും അടങ്ങിയ സര്‍ക്കാര്‍ 100 ദിവസം തികച്ചെന്ന് സേന കൂട്ടിച്ചേര്‍ത്തു. ’80 മണിക്കൂര്‍ പോലും തികയ്ക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ രൂപീകരിച്ചവരാണ് താക്കറെ ഭരണം 100 മണിക്കൂര്‍ പോലും തികയ്ക്കില്ലെന്ന് അവകാശപ്പെട്ടത്. ഈ സര്‍ക്കാര്‍ നിലനിന്നെന്ന് മാത്രമല്ല പ്രകടനം വഴി ജനങ്ങളുടെ മനസ്സില്‍ വിശ്വാസം നിറയ്ക്കാനും സാധിച്ചു’, മുഖപ്രസംഗം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് രൂപീകരിച്ച സര്‍ക്കാര്‍ 80 മണിക്കൂര്‍ പോലും തികയ്ക്കുന്നതിന് മുന്‍പ് രാജിവെച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് സേനയുടെ വിമര്‍ശനം. മഹാരാഷ്ട്രയില്‍ മൂന്ന് വ്യത്യസ്ത ആശയങ്ങളുള്ള പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഭരണഘടനാ പരമായി ഭരണം നിര്‍വ്വഹിക്കുന്നത്, താക്കറെയാണ് ആ സര്‍ക്കാരിനെ നയിക്കുന്നത്, മുഖപ്രസംഗം ചൂണ്ടിക്കാണിച്ചു.

‘സര്‍ക്കാരിനെ ആര്‍ക്ക് വേണമെങ്കിലും പിന്തുണയ്ക്കാം, പക്ഷെ ഉദ്ധവ് താക്കറെയും, ശിവസേനയും അകത്തും പുറത്തും പഴയത് പോലെ തന്നെയാണ്. ആശയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ല. രാമഭഗവാനും, ഹിന്ദുത്വവും ഏതെങ്കിലും പാര്‍ട്ടിയുടെ സ്വത്തല്ല’, സേന പറഞ്ഞു.

Top