Long term effects note demonetisation are Going be huge arun jaitle

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ദീര്‍ഘകാല ഫലമാണ് ലഭിക്കുകയെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

രാജ്യത്തെ 86 ശതമാനം പേപ്പര്‍ കറന്‍സിയും പിന്‍വലിക്കുമ്പോള്‍ അതിന് സജ്ജമാകുന്ന രീതിയില്‍ നോട്ടുകള്‍ ഒരുക്കണമായിരുന്നു.

അത് സങ്കീര്‍ണവും സമയമെടുക്കുന്നതുമാണ്. ഒരു മാസംകൊണ്ട് പിന്‍വലിച്ച അത്രയും തുകയുടെ കറന്‍സി പുന:സ്ഥാപിക്കാന്‍ കഴിയില്ല.

സര്‍ക്കാരും ആര്‍.ബി.ഐയും അതിനു വേണ്ടി തയാറാകേണ്ടതുണ്ട്. അച്ചടി കൂടാതെ 1.33 ലക്ഷം ബാങ്കുകള്‍ക്കും 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിലേക്കും പണം എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

നോട്ടുമാറ്റമെന്നത് താല്‍ക്കാലികമായ ഒരു പ്രക്രിയയല്ല. അത് വലിയൊരു ജനതക്കു മേല്‍ നടപ്പിലാക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ജനസംഖ്യ കൂടുതലുള്ളതിനാല്‍ ബാങ്കുകളില്‍ വലിയ വരികളും തിരക്കുമുണ്ടാകും.

എന്നാല്‍ ജനങ്ങള്‍ അതുമായി സഹകരിച്ചു വരികയാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

നോട്ടുമാറ്റം രാജ്യത്തെ ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറ്റുകയാണ്. വ്യാപാര-വ്യവസായ മേഖലകളില്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പേപ്പര്‍ കറന്‍സി ഉപയോഗിക്കുന്നത് കുറച്ച് ഡെബിറ്റ് കാര്‍ഡുകള്‍, ഇ വാലറ്റുകള്‍ എന്നിവയിലേക്ക് മാറണം.

രാഷ്ട്രീയക്കാരിലും മാധ്യമങ്ങളിലുമാണ് നോട്ടുമാറ്റം ബുദ്ധിമുട്ടായി കാണുന്നത്. എന്നാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജനങ്ങള്‍ മാറി കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ടെക്‌നോളജിയുടെ വളര്‍ച്ച തടയാന്‍ കഴിയില്ല. അതുപോലെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയും നടപ്പാകുമെന്നതില്‍ സംശയം വേണ്ട. ഉയര്‍ന്നു വരുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്കിലൂടെ രാജ്യം വന്‍ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

Top