92 വീടുകള്‍, 57 കടകള്‍, 4 ഫാക്ടറി; കലാപത്തീയില്‍ കത്തിയമര്‍ന്നത് ജീവിതങ്ങള്‍!

ത്തിയമര്‍ന്ന ബസുകളും, ഫര്‍ണീച്ചറുകളും, പാതി കത്തിയ പുസ്‌കങ്ങളുമാണ് അരുണ്‍ പബ്ലിക് സ്‌കൂളില്‍ ഇപ്പോള്‍ ബാക്കിയുള്ളത്. ഏതാനും ഭാഗങ്ങളില്‍ ഒഴികെ ബാക്കിയിടങ്ങളിലെല്ലാം കരിപുരണ്ടിരിക്കുന്നു. ഡല്‍ഹി കലാപത്തിന്റെ ബാക്കിപത്രമാണ് ന്യൂ മുസ്തഫാബാദിലെ ഈ സ്‌കൂളിന്റെ അവസ്ഥ. ഏകദേശം 2 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്.

കലാപം വീശിയടിച്ച ഭജന്‍പുരയിലെ കമല്‍ ശര്‍മ്മ ഏഴ് മാസം മുന്‍പാണ് ഒരു റെസ്റ്റൊറന്റും, പാര്‍ട്ടി ഹാളും ആരംഭിച്ചത്. ഇത് രണ്ടും കലാപകാരികള്‍ തീയിടുകയും, കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നു. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇവിടെ സംഭവിച്ചതെന്നാണ് ശര്‍മ്മ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതുവരെയുള്ള ജീവിതസമ്പാദ്യം കൊണ്ട് വീട് നിര്‍മ്മിച്ച ബ്രിജ്പുരിയിലെ സഞ്ജയ് കൗശിക്കിന്റെ അവസ്ഥയും മറ്റൊന്നല്ല. ‘ആകെ ഉണ്ടായിരുന്നത് ഇതാണ്, ഇനിയൊന്നും ബാക്കിയില്ല, എവിടെ നിന്ന് വീണ്ടും തുടങ്ങുമെന്ന് ഒരു പിടിയുമില്ല’, കൗശിക് പറയുന്നു.

ഒരാഴ്ച മുന്‍പ് പൗരത്വ നിയമത്തെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള സംഘങ്ങള്‍ തമ്മില്‍ ആരംഭിച്ച സംഘര്‍ഷമാണ് കൈവിട്ട് അക്രമസംഭവങ്ങളിലേക്കും, കലാപത്തിലേക്കും വഴിമാറിയത്. 42 പേരുടെ മരണത്തിലും, ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കാനും ഇത് വഴിയൊരുക്കി. ഏകദേശം 40 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 167 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 885 പേരെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട് പോലീസ്.

എന്നാല്‍ ആള്‍നാശത്തിന് അപ്പുറമുള്ള കഥയാണ് ഡല്‍ഹിയില്‍ നേരിട്ടത്. 92 വീടുകള്‍, 57 കടകള്‍, 500 വാഹനങ്ങള്‍, 6 ഗോഡൗണുകള്‍, 2 സ്‌കൂളുകള്‍, 4 ഫാക്ടറികള്‍, 4 മതകേന്ദ്രങ്ങള്‍ എന്നിവയും കലാപത്തില്‍ കത്തിയമര്‍ന്നു. ആയിരം കോടി രൂപയുടെ പ്രോപ്പര്‍ട്ടി, ബിസിനസ്സ് നഷ്ടമാണ് കണക്കാക്കുന്നത്. അക്രമസംഭവങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ഫാക്ടറികളും, കടകളും അടഞ്ഞ് കിടക്കുകയാണ്. ഇതോടെ ആയിരക്കണിന് പേരുടെ വരുമാനമാണ് നഷ്ടമാകുന്നത്. ഡല്‍ഹിയിലേക്ക് എത്തുന്ന വ്യാപാരികളുടെയും, ട്രക്കുകളുടെയും എണ്ണവും ഇടിഞ്ഞു.

വീടും, ബിസിനസ്സ് സ്ഥാപനവും നഷ്ടമായവര്‍ക്ക് 5 ലക്ഷം രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച അപേക്ഷകള്‍ അധികൃതര്‍ വിതരണം ചെയ്യുന്നുണ്ട്. കലാപകാരികളെ തിരിച്ചറിഞ്ഞ് ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്. കലാപം ഏതാനും ദിവസം മാത്രമാണ് നീണ്ടത്, പക്ഷെ ആയിരക്കണക്കിന് പേരുടെ ജീവിതത്തില്‍ ഇതിന്റെ പ്രത്യാഘാതം ഇനിയുമേറെ നാള്‍ നീണ്ടുനില്‍ക്കും.

Top