മദ്യശാലകളിലെ നീണ്ട ക്യൂ; തിരക്ക് ഒഴിവാക്കാന്‍ ഇനി പ്രത്യേക കൗണ്ടര്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി മദ്യത്തിന്റെ പണമടച്ച് ബെവ്‌കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറി. അത് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഈ കാണുന്ന തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ദ്ധിക്കുന്നതിനെ ചൊല്ലി വ്യാപക പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വേള മദ്യശാലകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍ മുഖ്യമന്ത്രി പറഞ്ഞു.

Top