ശമ്പള പരിഷ്‌കരണം; സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്

nurse

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്,ഈ മാസം 24ന് ആരംഭിക്കാനാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ്‌ അസോസിയേഷന്റെ (യുഎന്‍എ) തീരുമാനം. അതേസമയം ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്.

ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ ജനുവരിക്കു മുന്‍പ് ഇറക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. ശമ്പളം വര്‍ധിപ്പിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രമിച്ചുവരുന്നതെന്നും ഏപ്രില്‍ 23ന് മുന്‍പ് ശമ്പളം വര്‍ധിപ്പിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുഎന്‍എ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ സംഘടന നടത്തിയ സമരത്തെത്തുടര്‍ന്ന് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനമുണ്ടായി ഒന്‍പതു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവു സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.

Top