സംഘടനകളില്ലാതെയും പ്രതിഷേധങ്ങൾ, ലോംഗ് മാർച്ചിൽ ഐ.ബി നിരീക്ഷണം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം സംസ്ഥാനത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കൂട്ടായ്മ കൊച്ചിയില്‍ നടത്തിയ ലോങ് മാര്‍ച്ചും ചരിത്രമായി.

ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ സമരമായി ലോങ്ങ് മാര്‍ച്ച് മാറി കഴിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ബസിലും ട്രയിനിലുമായി നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും കൊച്ചി ഷിപ്പിയര്‍ഡിലേക്ക് തിങ്കളാഴ്ച ഉച്ചക്കാണ് ലോങ് മാര്‍ച്ച് ആരംഭിച്ചിരുന്നത്.

മനുഷ്യ മനസ്സുകളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം വേണ്ടന്ന് ഒറ്റക്കെട്ടായാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയത്.

ലോങ് മാര്‍ച്ചില്‍ പങ്കെടുത്തവരെ നിരീക്ഷിക്കുന്നതിനായി കേന്ദ്ര ഐ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മാര്‍ച്ചിന് പിന്നിലുള്ളവരുടെ വിവരങ്ങളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയും മാര്‍ച്ചിലുടനീളം വിന്യസിച്ചിരുന്നു.

ആള്‍ക്കൂട്ടം പ്രത്യക്ഷ സമരമായി രൂപാന്തരപ്പെടുന്നതാണ് പൊലീസിനിപ്പോള്‍ വലിയ തലവേദനയായി മാറിയിരിക്കുന്നത്.

ഏത് ഗ്രൂപ്പ് ആഹ്വാനം ചെയ്താലും വൈകാരികമായാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്.

അക്രമത്തിലേക്ക് കേരളത്തിലെ പ്രതിഷേധക്കാര്‍ പോകുന്നില്ലന്നത് മാത്രമാണ് സര്‍ക്കാറിനും ആശ്വാസമാകുന്നത്.

അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ വരെ കര്‍ഫ്യൂവും വെടിവയ്പ്പും ഉണ്ടായെങ്കിലും കേരളത്തില്‍ ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ പോലും ഫലപ്രദമായാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ടിരുന്നത്.

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ഇവിടെ പ്രതിഷേധം നിയന്ത്രണ വിധേയമാകാന്‍ കാരണം.

പാര്‍ലമെന്റ് പാസാക്കിയാലും ഈ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് സ്പീക്കറും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള അധികാരം ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെയും സര്‍ക്കാറിന്റെയും നിലപാട് കേരളത്തിലെ പ്രതിഷേധത്തിന്റെ തീവ്രതയെയാണ് കുറച്ചിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ഏറ്റവും അധികം പ്രക്ഷോഭം നടത്തിയിരിക്കുന്നത് ഇടതുപക്ഷമാണ്. സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളാണ് ഇതില്‍ മുന്നില്‍. ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടത് എസ്.എഫ്.ഐ പ്രതിഷേധമാണ്.

എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും ഒറ്റകൊടിക്കീഴില്‍ അണിനിരത്തിയാണ് എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. കാമ്പസുകളില്‍ നിന്നും തെരുവിലേക്കിറങ്ങിയ ആ ‘തീ’ നിയന്ത്രണ വിധേയമായാണ് കത്തിപ്പടരുന്നത്. തീവ്ര സംഘടനകളെ പടിക്ക് പുറത്ത് നിര്‍ത്തി തന്നെയാണ് എസ്.എഫ്.ഐയുടേയും പ്രക്ഷോഭം.

യു.ഡി.എഫും ഇപ്പോള്‍ സമരരംഗത്തുണ്ടെങ്കിലും അവരില്‍ ഭിന്നതയും പ്രകടമാണ്. സര്‍ക്കാര്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതാണ് ഭിന്നതയ്ക്ക് കാരണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പോര്‍മുഖം തുറന്നിരിക്കുന്നത്.

കോണ്‍ഗ്രസ്സിലെ ഈ തമ്മിലടിയില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും ശരിക്കും വെട്ടിലായിട്ടുണ്ട്. അണികളും നിരാശരാണ്. ഒറ്റക്കെട്ടായി സമരം ചെയ്യണമെന്ന വികാരത്തിനൊപ്പമാണ് ഭൂരിപക്ഷവും. എന്നാല്‍ ഇത്തരമൊരു നീക്കം രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടാക്കുകയെന്നാണ് മുല്ലപ്പള്ളി വാദിക്കുന്നത്. ഇടതുപക്ഷത്തിന്റെ നിഴലായി മാറാതെ സ്വന്തം നിലയ്ക്ക് സമരം നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളിയുടെ ഈ വാദം.

അതേസമയം ബി.ജെ.പി മുന്നണി ഭരിക്കുന്ന ബീഹാറിലും ഗോവയിലും പൗരത്വ നിയമം നടപ്പാക്കില്ലന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്. ജാര്‍ഖണ്ഡില്‍ ഭരണം നഷ്ടപ്പെട്ടതും ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൗരത്വ നിയമ ഭേദഗതിയില്‍ തിരുത്തലുകള്‍ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

Staff Reporter

Top