കൊറോണ ഭീതി; ബ്രിട്ടണിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

ലണ്ടന്‍: ലോകത്തെ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസ് ഓരോ ദിവസവും ജനങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നതായിട്ടാണ് കാണുന്നത്. അതിനാല്‍ ഓരോ രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ബ്രിട്ടണിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മരണസംഖ്യ ഉയരുകയും രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് പൊതുജീവിതത്തിന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ കഫേകള്‍, പബ്ബുകള്‍, തീയറ്ററുകള്‍, ജിംനേഷ്യങ്ങള്‍, മാളുകള്‍ എന്നിവയെല്ലാം ഇന്നു മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാനാണ് തീരുമാനം.

ആശുപത്രികളിലെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വിരമിച്ച ഡോക്ടര്‍മാരേയും നഴ്‌സുമാരേയും തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരത്തില്‍ 50,000 നഴ്‌സുമാരുടേയും 15,000 ഡോക്ടര്‍മാരുടേയും സേവനം അധികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

വരുന്ന 12 ആഴ്ചകള്‍ക്കൊണ്ട് ശക്തമായ നടപടികളിലൂടെ രാജ്യത്തെ പഴയ സ്ഥിതിയിലേയ്ക്ക് കൊണ്ടുവരാനാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. കൊറോണ മൂലം ഇതുവരെ ബ്രിട്ടനില്‍ 177 പേരാണ് മരിച്ചത്.

Top