ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കിനും കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കിനും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിലെ ഭരണനേതൃത്വം ആശങ്കയിലാണ്.

രോഗസ്ഥിരീകരണത്തിനു മുമ്പ് ചാന്‍സലറും വിദേശകാര്യ സെക്രട്ടറിയുമടക്കം ഒട്ടേറെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ ഇവരെല്ലാം സ്വയം നിരീക്ഷണത്തിലായിരിക്കുകയാണ്.

ഇതിനിടെ രാജ്യത്ത് ദിനംപ്രതി വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ താല്ക്കാലികമായി നിര്‍മിക്കുന്ന ഫീല്‍ഡ് ആശുപത്രികളുടെ നിര്‍മാണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ് . രോഗബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ രണ്ടായിരവും നാലായിരവും കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രികളാണ് നിര്‍മിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇപ്പോള്‍ സ്വവസതിയില്‍ നിരീക്ഷണത്തിലാണ്. അദ്ദഹത്തിന്റെ ഭാര്യ കാരി സിമണ്‍സ് ഗര്‍ഭിണിയായതിനാല്‍ അവരെ മറ്റൊരു വസതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Top