ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനു നേരെ ആക്രമണം: അമ്മയ്ക്കും മകള്‍ക്കും ശിക്ഷ

jail

ലണ്ടന്‍: ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലാക്കപ്പെട്ട യുവതിയ്ക്കും അമ്മയ്ക്കും കോടതി ശിക്ഷ വിധിച്ചു. 22കാരിയായ റിസ്ലൈന്‍ ബോളര്‍ക്ക് 16വര്‍ഷമാണ് കോടതി തടവു ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ പാലസിനു സമീപം ആളുകള്‍ക്ക് നേരെ കത്തി കൊണ്ട് ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മകളെ സഹായിച്ചു എന്ന കുറ്റത്തിന് ബോളറുടെ 44 കാരിയായ അമ്മയ്ക്കും ശിക്ഷ വിധിച്ചത്. ആറു വര്‍ഷവും ഒമ്പത് മാസവുമാണ് കോടതി അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. മകളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ആക്രമണം ഉണ്ടാവുമെന്ന് മുന്‍ കൂട്ടി അറിഞ്ഞിട്ടും ഉത്തരവാദിത്വപ്പെട്ട രക്ഷിതാവെന്ന നിലയില്‍ ഇത് തടയാന്‍ ഡിച്ച് ശ്രമിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

തന്റെ രണ്ട് മക്കളെയും മതമൗലികവാദികളായി വളര്‍ത്തിയതില്‍ നാലുമക്കളുള്ള ഈ അമ്മയ്ക്ക് പങ്കുണ്ടെന്നും അവര്‍ക്കാണ് ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വത്തില്‍ പങ്കെന്നും കോടതി കൂട്ടിച്ചേര്‍ത്തു. റിസ്ലൈനിന്റെ സഹോദരി സഫ ബോളറാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകയെന്നും,സിറിയയിലെ ഐഎസില്‍ ചേരാന്‍ 16 വയസ്സില്‍ ഇറങ്ങിപുറപ്പെട്ടതാണ് സഫയെന്നും കോടതി വ്യക്തമാക്കി.

ഐഎസ് തീവ്രവാദിയായ നവീദ് ഹുസൈനെ ഓണ്‍ലൈനിലാണ് സഫ കണ്ടുമുട്ടുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഗ്രനേഡും തോക്കും ഉപയോഗിച്ച് ആക്രമണം നടത്താന്‍ സഫയെ ഉപദേശിക്കുന്നത് ഇയാളാണ്. എന്നാല്‍ റാഖയില്‍ ബോംബേറില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് സിറിയയിലേക്ക് കടക്കാന്‍ പദ്ധതിയിടുകയും അത് പാളി സഫ പിടിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് സഫ ആക്രമണത്തിന് സഹോദരി റിസ്ലൈനെ ചുമതലപ്പെടുത്തുന്നത്. എന്നാല്‍ സഫയുടെ എല്ലാ നീക്കങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും നിരീക്ഷണത്തിലായിരുന്നു.

ഒരു ഫോണ്‍ സംഭാഷണത്തില്‍ ടീ പാര്‍ട്ടിയെ കുറിച്ച് ഇവര്‍ സംസാരിക്കുന്നുണ്ട്. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന തീമില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കാമെന്ന് റിസ്ലൈന്‍ സഹോദരിയോട് ഫോണില്‍ പറയുന്നുണ്ട്. ഇതെല്ലാം ആക്രമണത്തിനുള്ള കോഡ് ഭാഷയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ആക്രമണത്തിന് മുമ്പേ യുവതിയെയും അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Top