London terror attack: Police officer among five dead and many suffer ‘catastrophic’ injuries

ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നിലുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാര്‍ ഇടിച്ചു പരിക്കേറ്റ മൂന്നു വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 2.40നായിരുന്നു അക്രമങ്ങളുടെ തുടക്കം. അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരു കാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു തൊട്ടടുത്തുള്ള വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റി. പിന്നീട് കാറില്‍നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞ പൊലീസുകാരനെ ഇയാള്‍ കഠാരകൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. മറ്റൊരു പൊലീസുകാരനുനേരെ പാഞ്ഞടുത്ത അക്രമിയെ അദ്ദേഹം വെടിവച്ചുവീഴ്ത്തി.

പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം.

പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ ഭൂരിഭാഗം എംപിമാരും പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്നു. ഓഫിസിലുണ്ടായിരുന്ന പ്രധാനമന്ത്രി തെരേസ മേയെ ഉടന്‍ സുരക്ഷിതമായി ഔദ്യോഗിക വസതിയിലേക്ക് മാറ്റി.

മറ്റുള്ളവരെ ഏറെനേരം അവിടെത്തന്നെ സുരക്ഷിതമായി സംരക്ഷിച്ചശേഷം കനത്ത സുരക്ഷാവലയത്തില്‍ പുറത്തിറക്കി.

എംപിമാര്‍ക്കുപുറമേ ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും ഈ സമയം പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്.

ലണ്ടന്‍ നഗരത്തിലെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്രമിയോടൊപ്പം കൂടുതല്‍ പേരുണ്ടോ എന്നറിയാനും ഇയാളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.

സംഭവം ഉണ്ടായയുടന്‍, സമ്മേളനത്തിലായിരുന്ന ഹൗസ് ഓഫ് കോമണ്‍സിന്റെ നടപടികള്‍ നിര്‍ത്തിവച്ച ഡെപ്യൂട്ടി സ്പീക്കര്‍ അംഗങ്ങളോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചു. പാര്‍ലമെന്റിനു മുന്നിലൂടെയുള്ള റോഡുകളിലെ ഗതാഗതവും നിരോധിച്ചു.

എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ അക്രമിയെ വെടിവച്ചുവീഴ്ത്തിയ പൊലീസിന്റെ നടപടി ഏറെ പ്രശംസനീയവുമായി.

Top